ന്യൂഡല്‍ഹി: ഗോവയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ സുപ്രീംകോടതിയിലെത്തിയ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അംഗബലമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. പിന്തുണക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ്സിനോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഗോവയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സത്യപ്രതിജ്ഞക്കു മുമ്പ് വിശ്വാസവോട്ട് നടത്താന്‍ കഴിയുമോ എന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് മാറ്റമില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. കോടതിയില്‍ വാദം തുടരുകയാണ്.
പരീക്കറുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഹോളി പ്രമാണിച്ച് സുപ്രീംകോടതി ഇന്ന് അവധിയാണെങ്കിലും അടിയന്തിര സാഹചര്യം പ്രമാണിച്ച് ഇന്നു തന്നെ വാദം കേള്‍ക്കുകയായിരുന്നു. പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് കോടതി വാദം കേട്ടത്.
ഗോവ നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ് ലേകര്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാതെ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച നടപടി നിലവിലുള്ള ഭരണഘടനാ രീതികള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് വാദിച്ചത്. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് പരീക്കര്‍ രംഗത്തെത്തുന്നത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് 17സീറ്റുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറായത്. എന്നാല്‍ ഇവരുടെ ചുവടുമാറ്റം കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ രൂപീകരണത്തെ ബാധിക്കുകയായിരുന്നു.
വൈകുന്നേരം അഞ്ചിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മനോഹര്‍ പരീക്കര്‍ക്കൊപ്പം എട്ടു മന്ത്രിമാരും അധികാരമേല്‍ക്കും.