ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ ‘സുഷമ ബീഗം’ ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ മന്ത്രി തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു. ഇതോടെയാണ് ഇയാള്‍ക്കെതിരായ നടപടി എന്ന നിലയില്‍ വികാസ് മിശ്രയെ സ്ഥലം മാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. പിറ്റേദിവസം തന്നെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു. മന്ത്രിയുടെ ഈ ഇടപെടലിനെതിരെയാണ് തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായത്. ആക്രമണം മന്ത്രി തന്നെ പുറത്തറിയിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചുവന്നപ്പോള്‍ ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ആ ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സുഷമാസ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തനിക്കു നേരെയുള്ള സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ആക്രമണം പുറത്തറിയിച്ച സുഷമാസ്വരാജിനെ കോണ്‍ഗ്രസ് അഭിനന്ദിച്ചു. ഔദ്യോഗിക കോണ്‍ഗ്രസ് പേജിലാണ് പ്രതികരണം.
‘സാഹചര്യമോ കാരണമോ എന്തുമാകട്ടെ, ഒരാളെ ഇങ്ങനെ അധിക്ഷേപിക്കാനും അപമാനിക്കാനും ഭീഷണി മുഴക്കാനും പാടില്ല. സുഷമാജി, സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള ഇത്തരം ഹീനമായ പ്രവൃത്തികളെക്കുറിച്ച് വിളിച്ചുപറയാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.