അരുണാചൽ പ്രദേശിൽ ആറ് ഐക്യ ജനതാദൾ (ജെ.ഡി.യു) എം.എൽ.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചതിനെ തുടർന്ന് ബിഹാറിൽ ഭരണമുന്നണിയായ എൻ.ഡി.എക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുന്നു. അരുണാചലിലെ ബി.ജെ.പിയുടെ പ്രവൃത്തി മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി തുറന്നടിച്ചു. എം.എൽ.എമാർ സ്വന്തം ഇഷ്ടപ്രകാരമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ത്യാഗിയുടെ അഭിപ്രായ പ്രകടനം. നിതീഷ് കുമാർ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാൻ ആവശ്യപ്പെടുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് സഖ്യകക്ഷി ഭരണം അന്ത്യത്തിലേക്ക്് നീങ്ങുകയാണെന്ന സൂചന ശക്തമായി.
അതിനിടെ, ബി.ജെ.പിയുമായി അകലുന്ന ജെ.ഡി.യുവുമായി സംസാരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതാവും ലോക്‌സഭാ കക്ഷി നേതാവുമായ അധിർ രഞ്ജൻ ചൗധരി പരസ്യമായി പ്രകടിപ്പിച്ചു. ശനിയാഴ്ച മൂന്ന് ട്വീറ്റുകളിലൂടെയാണ് ചൗധരി നയം വ്യക്തമാക്കിയത്.
‘പ്രിയപ്പെട്ട നിതീഷ് കുമാർജി,
ബി.ജെ.പിയെ കരുതിയിരിക്കുക, അവർ വടക്കുകിഴക്കൻ മേഖലയിലെ വേട്ടക്കാരെപ്പോലെ ചാക്കിട്ടുപിടുത്തത്തിൽ വിദഗ്ധരും അതീവ നിപുണരുമാണ്. ബി.ജെ.പിയെ മാത്രം വളർത്തുകയും ബി.ജെ.പി അല്ലാത്തവരെ മുഴുവൻ തകർക്കുകയും ചെയ്യുക എന്നതാണ് അവരുടെ നയം. ഇപ്പോൾ അരുണാചൽ പ്രദേശിൽ സംഭവിക്കുന്നതു പോലെ കഷ്ണങ്ങളായി ചിതറുന്നതിനു മുമ്പ് ബിഹാറിലെ പ്രതിപക്ഷ പാർട്ടികളുമായി ബന്ധം പുലർത്തുന്നതടക്കമുള്ള പുതിയ ആശയങ്ങൾ പരീക്ഷിക്കുക. സൂര്യനു കീഴിൽ ബി.ജെ.പിയുടെ ഹോൾസെയിൽ കൈയേറ്റത്തെ ശമിപ്പിക്കാൻ കഴിയുകയില്ല.’
അധിർ ചൗധരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുകയും ജെ.ഡി.യു തകർച്ച നേരിടുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഇരുകക്ഷികളും തമ്മിലുള്ള അസ്വാരസ്യം പുതിയ തലത്തിലെത്തിയത്. 74 സീറ്റുമായി ബി.ജെ.പി എൻ.ഡി.എയിലെ വലിയ ഒറ്റക്കക്ഷിയായപ്പോൾ നിതീഷിന്റെ പാർട്ടിക്ക് 43 സീറ്റിൽ മാത്രമാണ് ജയിക്കാൻ കയറിയത്. തങ്ങൾ നൽകിയ പിന്തുണ ബി.ജെ.പി തിരിച്ചുനൽകിയില്ലെന്ന പ്രതീതിയാണ് ജെ.ഡി.യു നേതാക്കളിലും അണികളിലുമുള്ളത്.