X

കേന്ദ്ര സര്‍ക്കാറിനെതിരെ വന്‍ അഴിമതി ആരോപണം; ഇരുമ്പയിര് കയറ്റുമതിയില്‍ 12,000 കോടി നഷ്ടം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വന്‍ അഴിമതി ആരോപണം. ഇരുമ്പയിര് കയറ്റുമതിയില്‍ കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കുക വഴി സര്‍ക്കാര്‍ പൊതുഖജനാവിന് പന്ത്രണ്ടായിരം കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2014ന് മുമ്പ് ഇരുമ്പയിര് കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ 30 ശതമാനം കയറ്റുമതിച്ചുങ്കം അടയ്ക്കണമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എംഎംടിസി)യ്ക്ക് മാത്രമാണ് കയറ്റുമതി ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നത്. 64 ശതമാനം ഇരുമ്പയിര് മാത്രമാണ് കയറ്റുമതി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ഇതില്‍ക്കൂടതല്‍ കയറ്റുമതി ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. തദ്ദേശ ഉരുക്കുപ്ലാന്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഈ പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പരിധി മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. കുന്ദ്രെമുഖ് അയണ്‍ ഓര്‍ കമ്പനി ലിമിറ്റഡിന് ചൈന, തായ്‌വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യാനുള്ള അനുമതിയും നല്‍കി’ – പവന്‍ ഖേര ചൂണ്ടിക്കാട്ടി.

ഇരുമ്പയിരിന് ഇപ്പോഴും 30 ശതമാനം കയറ്റുമതിച്ചുങ്കം നിലനില്‍ക്കുന്നുണ്ട് എങ്കിലും അവ ഉണ്ടകളാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. കുന്ദ്രെമുഖിന് മാത്രമാണ് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കിയത് എങ്കിലും അയിര് ഉണ്ട രൂപത്തിലാക്കി നിരവധി കമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവര്‍ വലിയ വരുമാനമുണ്ടാക്കുന്നു. സര്‍ക്കാറിന് വലിയ നഷ്ടവും സംഭവിക്കുന്നു- അദ്ദേഹം പറഞ്ഞു.

2014 മുതല്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയുടെ ഇരുമ്പയിര് സ്വകാര്യ കമ്പനികള്‍ കയറ്റുമതി ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഇതുവരെ 12000 കോടി രൂപയാണ് ഡ്യൂട്ടി ഫീ ഇനത്തില്‍ നഷ്ടപ്പെട്ടത്. വിദേശ വ്യാപാര വികസന നിയന്ത്രണ നിയമപ്രകാരം ഈ സ്വകാര്യ കമ്പനികള്‍ രണ്ടു ലക്ഷം കോടി പിഴ ഒടുക്കേണ്ടതുണ്ട്- ഖേര ചൂണ്ടിക്കാട്ടി.

ഏതെല്ലാം കമ്പനികളാണ് കയറ്റുമതി ചെയ്തത് എന്ന് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Test User: