X

രാജസ്ഥാന്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം; നാല് പഞ്ചായത്തുകളില്‍ നാലും നഷ്ടപ്പെട്ട് ബി.ജെ.പി

ജയ്പൂര്‍: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച കോണ്‍ഗ്രസ് രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം. ഉപതെരഞ്ഞെടുപ്പു നടന്ന നാല് ജില്ലാ പഞ്ചായത്തിലും നഗരസഭയിലെ ആറു വാര്‍ഡുകളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, മുനിസിപ്പല്‍ വാര്‍ഡുകള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നാല് ജില്ലാ പരിഷത്ത് സീറ്റും കോണ്‍ഗ്രസ് നേടി.

27 പഞ്ചായത്ത് സമിതികളില്‍ 16ലും കോണ്‍ഗ്രസ് തന്നെയാണ് ജയിച്ചത്. രാജസ്ഥാനിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെറും 10 പഞ്ചായത്ത് സമിതി സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനേക്കാള്‍ നേരിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഏഴു വാര്‍ഡുകളാണ് ഇവിടെ അവര്‍ വിജയിച്ചത്.

ബന്‍സ്വാര, ബില്‍വാര, ജാലോര്‍, കാരൗളി എന്നീ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ഒന്നുപോലും നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.19 ജില്ലകളിലായി 27 പഞ്ചായത്ത് സമിതികളിലും 14 നഗരപാലികകളിലും 13 ജില്ലകളിലും നാലു ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടന്നത് ഡിസംബര്‍ 17നാണ്. പഞ്ചായത്ത് സമിതിയിലും മുനിസിപ്പാലിറ്റിയിലും ഓരോ സീറ്റുവീതം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികള്‍ നേടി.

രാജസ്ഥാനില്‍ ബി.ജെ.പിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ ഫലമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ‘അവരുടെ തകര്‍ച്ചയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു’ അദ്ദേഹം പറഞ്ഞു. 2013ലെ രാജസ്ഥാന്‍ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം നടന്ന നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസാണ് ജയിച്ചതെന്നും സച്ചിന്‍ പറഞ്ഞു. 24 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് രാജസ്ഥാനിലുളളത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നുകൂടിയ ബിജെപിക്ക് സ്വന്തം തട്ടകമായ രാജസ്ഥാനില്‍ കാലിടറിയത് ബി.ജെ.പിക്ക് തിരിച്ചടിയാകും.  വസുന്ധര രാജെ സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ വേട്ടയും തിരിച്ചടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നഗരപ്രദേശങ്ങള്‍ ബിജെപിയെ തുണച്ചെങ്കില്‍ രാജസ്ഥാനില്‍ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ കൈവിടുകയാണ്. രണ്ട് ലോക്‌സഭാ സീറ്റിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

chandrika: