റമദാനിൽ കർണാടകയിലെ സർക്കാർ ജീവനക്കാരായ മുസ്ലിംകൾക്ക് വൈകുന്നേരം നാലിനുശേഷം രണ്ട് മണിക്കൂർ അവധി അനുവദിക്കണമെന്ന് കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സർക്കാറുകൾ ഇളവ് അനുവദിച്ചതുപോലെ കർണാടകയിലും ഇളവ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. തെലങ്കാനയിൽ കോൺഗ്രസ് സർക്കാറും ആന്ധ്രയിൽ തെലുഗുദേശം പാർട്ടി സർക്കാറുമാണ് ഭരണത്തിലുള്ളത്.
മാർച്ച് രണ്ടുമുതൽ മാർച്ച് 31 വരെ തെലങ്കാനയിലെ മുസ്ലിംകളായ സർക്കാർ ജീവനക്കാർക്ക് വൈകീട്ട് നാലുവരെ മാത്രം ജോലി സമയമായി നിശ്ചയിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, അധ്യാപകർ, കരാറുകാർ, കോർപറേഷൻ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇളവ് അനുവദിച്ചിരുന്നത്.
അതേസമയം, ജീവനക്കാർ കുറവുള്ള സ്ഥലങ്ങളിൽ അവശ്യഘട്ടങ്ങളിൽ മുസ്ലിം ജീവനക്കാർ നേരത്തേ ജോലി അവസാനിപ്പിക്കരുതെന്നും ഉത്തരവിൽ തെലങ്കാന സർക്കാർ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയിലും ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷ പാർട്ടിയായ കോൺഗ്രസ് തന്നെ മുന്നോട്ടുവന്നത്.
കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ സയ്യിദ് അഹ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഈ ആവശ്യവുമായി നേതാക്കൾ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്ന് അവർ പറഞ്ഞു.ഈ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും നിയമസഭാ കൗൺസിൽ അംഗവുമായ നസീർ അഹ്മദിനും കത്തെഴുതിയിട്ടുണ്ട്.
അതേസമയം, കർണാടകയിൽ മുസ്ലിം ജീവനക്കാർക്ക് ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് രംഗത്തെത്തി. ഭരണഘടന പ്രകാരം, എല്ലാ മതങ്ങൾക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. ഇന്ത്യ മതേതരരാഷ്ട്രമാണ്.
ഒരു പ്രത്യേക മതത്തിൽപെട്ട സർക്കാർ ജീവനക്കാർക്കുമാത്രം പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നത് ശരിയല്ല. ശിവരാത്രി, ഏകാദശി തുടങ്ങിയ സമയങ്ങളിൽ ഹിന്ദുക്കൾക്ക് സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ഒരുമണിക്കൂർ അവധിയാണ് അവർ ചോദിക്കുന്നതെന്നും നാളെ വെള്ളിയാഴ്ച ദിവസം മുഴുവൻ അവധി വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.