ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പതിനാറ് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പന്ത്രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
മണ്ഡലവും പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും താഴെ:
തിരുവനന്തപുരം- ശശി തരൂര്‍
പത്തനംതിട്ട- ആന്റോ ആന്റണി
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
എറണാകുളം- ഹൈബി ഈഡന്‍
ചാലക്കുടി- ബെന്നി ബെഹനാന്‍
തൃശൂര്‍- ടി.എന്‍ പ്രതാപന്‍
ആലത്തൂര്‍- രമ്യാ ഹരിദാസ്
പാലക്കാട്- വി.കെ ശ്രീകണ്ഠന്‍
കോഴിക്കോട്- എം.കെ രാഘവന്‍
കണ്ണൂര്‍- കെ. സുധാകരന്‍
്കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഹൈക്കമാന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയവും നാളെ തന്നെ ഉണ്ടായേക്കും.
മുസ്ലിംലീഗ് സീറ്റുകളായ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെയും നേരത്തെ നിശ്ചയിച്ചിരുന്നു. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സീറ്റില്‍ തോമസ് ചാഴികാടനെയും കൊല്ലത്ത് ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രനെയും നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മത്സരിക്കില്ലെന്ന് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.