വാര്‍ധ(മഹാരാഷ്ട്ര): രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവര്‍ത്തിക്കപ്പെടുകയാണ്. ഗാന്ധി വധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വാര്‍ധ സേവാഗ്രാമില്‍ ചേര്‍ന്ന പ്രതീകാത്മക പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.
ജനാധിപത്യപരമായ ചര്‍ച്ചകളേയും വിയോജിപ്പുകളേയും അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സവിശേഷമായ വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് കൃത്രിമമായ ഏകത അടിച്ചേല്‍പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സമാനമായ ജനമുന്നേറ്റം ആവശ്യമാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.
ഗാന്ധിജിയെ ജീവിതകാലം മുഴുവന്‍ തള്ളിപ്പറഞ്ഞ സംഘപരിവാര്‍ ഇന്ന് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ കപട വക്താക്കളായി മാറി. മഹാത്മാ ഗാന്ധിയുടെ പൈതൃകം വോട്ടുതട്ടാനുള്ള അവസരവാദത്തിന് ദുരുപയോഗിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മൗലികമായ ഈ സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.