രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയാണെന്ന് കോൺഗ്രസ്. ബി.ജെ.പിയിൽനിന്ന് 4600 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. എന്നാൽ യാതൊരു നടപടിയുമില്ല. പ്രതിപക്ഷ പാർട്ടികളെ മാത്രം തെരഞ്ഞെടുപ്പിന് മുമ്പ് വേട്ടയാടുകയാണ്. എല്ലാ നികുതി നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. -ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസിനെ പാപ്പരാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇന്നും നാളെയുമായി രാജ്യത്ത് വ്യാപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. നാളെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണിയുടെ മഹാറാലി നടക്കും.
ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തർക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയിൽ വാദിക്കും. ഒപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കൾ അറിയിച്ചു.