ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരും ഇടനിലക്കാരും മോദി ഭരണത്തില്‍ കോവിഡ് മഹാവ്യാധിക്കൊപ്പം സാമ്പത്തിക മഹാവ്യാധിയുടെ കൂടി പിടിയിലാണെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ച ഗുരുതരമായ ഭവിഷ്യത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോവിഡ് കാലം കുടുംബങ്ങളിലെ സാമ്പത്തിക നിലയെ എങ്ങനെ സ്വാധീനിച്ചു എന്നതു സംബന്ധിച്ച് മുംബൈ ആസ്ഥാനമായ പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കണോമി(പ്രൈസ്) നടത്തിയ പഠനത്തിന്റെ ചുവടു പിടിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്ത് സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ള 20 ശതമാനം കുടുംബങ്ങളുടെ സാമ്പത്തിക നിലയില്‍ 1995 മുതല്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയിരുന്ന ഉയര്‍ച്ച കോവിഡ് മഹാമാരിക്കു തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തിനിടെ തകിടം മറിഞ്ഞുവെന്നാണ് പ്രൈസിന്റെ കണ്ടെത്തല്‍.
2019-20ലാണ് കോവിഡ് രാജ്യത്ത് പിടിമുറുക്കുന്നത്. തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷം എന്നാല്‍ 2014 മുതല്‍. അതായത് മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയതു മുതല്‍(2014ല്‍) ഈ മാറ്റമെന്ന് ചുരുക്കം. കോവിഡ് കാലത്ത് ഈ തകര്‍ച്ച പാരമ്യത്തിലെത്തി. 2019-20 കാലത്ത് അതിദരിദ്രരായ 20 ശതമാനം ജനങ്ങളുടെ കുടുംബ വരുമാനത്തിലുണ്ടായ ഇടിവ് 2015-16നെ അപേക്ഷിച്ച് 53 ശതമാനമാണെന്ന് പ്രൈസിന്റെ പഠനം വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ 20 ശതമാനം ജനങ്ങളുടെ കുടുംബ വരുമാനത്തിലുണ്ടായ വളര്‍ച്ച 39 ശതമാനമാണ്.
രാജ്യത്ത് സാമ്പത്തിക അന്തരം ക്രമാധീതമായി വര്‍ധിച്ചു വരികയാണെന്നാണ് ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ടും പ്രൈസിന്റെ സര്‍വേ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് ആരോപിച്ചു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള 60 ശതമാനം കുടുംബങ്ങളും അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വരുമാനത്തിലാണ് നിലവില്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാര്‍ രാജ്യം ഭരിച്ച 2004-14 കാലയളവില്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ള 20 ശതമാനം ജനങ്ങളുടെ വരുമാനത്തിലുണ്ടായ വളര്‍ച്ച 183 ശതമാനമാണ്. ഇതാണ് മോദി ഭരണത്തില്‍ 53 ശതമാനം കൂപ്പുകുത്തിയത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് അതിസമ്പന്നര്‍ക്കുമാത്രം വേണ്ടിയുള്ളതാണെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണെന്നായിരുന്നു സുപ്രിയ ശ്രീനാഥിന്റെ വിമര്‍ശനം. രാജ്യത്ത് മോദി ഭരണത്തിലെ സാമ്പത്തിക മഹാവ്യാധി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കോവിഡ് മഹാമാരി സാധാരണ ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക ജീവിത നിലവാരങ്ങളെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് മോദി ഭരണത്തിലെ സാമ്പത്തിക മഹാമാരി കൂടി അവരെ വേട്ടയാടുന്നതെന്നും രാഹുല്‍ ആരോപിച്ചു.