X
    Categories: CultureMoreViews

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെപ്പറ്റി ക്ലാസ് നല്‍കാമെന്ന് ആര്‍.എസ്.എസ്; കോണ്‍ഗ്രസിന്റെ പ്രതികരണം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെപ്പറ്റി ഒന്നുമറിയില്ലെന്നും വേണമെങ്കില്‍ ഇന്ത്യയെയും സംഘ് പരിവാറിനെയും പറ്റി ക്ലാസ് നല്‍കാമെന്നും ആര്‍.എസ്.എസ്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പ്രസംഗിക്കവെ അറബ് ലോകത്തെ ‘മുസ്‌ലിം ബ്രദര്‍ഹുഡി’ന്റേതിനു സമാനമാണ് ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം എന്ന് രാഹുല്‍ പരാമര്‍ശിച്ചതാണ് ആര്‍.എസ്.എസ്സിനെ ചൊടിപ്പിച്ചത്. ഇന്ത്യയെപ്പറ്റിയും ആര്‍.എസ്.എസ്സിനെപ്പറ്റിയും ഇസ്ലാമിക തീവ്രവാദത്തെപ്പറ്റിയും മനസ്സിലാക്കാതെയാണ് രാഹുലിന്റെ പരാമര്‍ശം എന്ന് ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞു. അടുത്ത മാസം ഡല്‍ഹിയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തുന്ന ത്രിദിന പ്രഭാഷണത്തില്‍ രാഹുലിന് പങ്കെടുക്കാമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം എന്ന മട്ടിലാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍, ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് രാഹുലിന് ഏതെങ്കിലും വിധമുള്ള ക്ഷണം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അത്തരമൊരു സന്ദര്‍ഭത്തില്‍ മാത്രമേ അതേപ്പറ്റി എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

‘സാങ്കല്‍പ്പിക, അഭ്യൂഹ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്കു കഴിയില്ല. രാഹുലിന് ആര്‍.എസ്.എസ് ക്ഷണമെന്നത് നിലവില്‍ പൂര്‍ണമായും സാങ്കല്‍പികമാണ്. ക്ഷണം ലഭിക്കുമ്പോള്‍ മാത്രമേ അതിനോട് പ്രതികരിക്കാന്‍ കഴിയൂ.’ – സിങ്‌വി വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: