ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ മാര്‍ഗരേഖയാണ് പ്രകടന പത്രികയെന്നും രാജ്യത്തിന് പുതിയ കാഴ്ചപ്പാട് വേണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി 2014 മുതല്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറിയെന്നും അവരുടെ ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മാറ്റത്തിന്റെ തുടക്കം യുപിയില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂപിയിലെ യുവാക്കളോട് സംസാരിച്ച് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന്
പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതിന് കാരണം എല്ലാം വ്യവസായികള്‍ക്ക് നല്‍കിയതാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പദവികള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും കൂട്ടിചേര്‍ത്തു.