X

മഹാബലിപുരത്ത് മോദി-ഷീന്‍ ജിന്‍ പിങ് കൂടിക്കാഴ്ച; ചൈനയുടെ അധിനിവേശത്തെ കുറിച്ച് മിണ്ടാന്‍ കേന്ദ്രം ധൈര്യപ്പെടാത്തതെന്തെന്ന് കോണ്‍ഗ്രസ്

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ തമിഴ്‌നാട്ടിലെ മഹാബലി പുരത്ത് നടക്കും. കൂടികാഴ്ച്ചക്കു മുന്നോടിയായി ചെന്നൈയിലെ മഹാബലിപുരത്ത് രണ്ടു ദിവസത്തേക്ക് ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് വിനോധ തൊഴില്‍ കാര്യങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

അതേസമയം കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റിപ്പറഞ്ഞ ചൈനയുടെ പരാമര്‍ശത്തിനെതിരെ മൗനം പൂണ്ട കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതിനെ മോദി സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. കശ്മീര്‍ വിഷയത്തിന് മറുപടിയായി ചൈനക്കെതിരെ എന്തു കൊണ്ട് ഹോങ്കോങ് പ്രക്ഷോഭം ചൂണ്ടിക്കാട്ടി മോദി പ്രതിരോധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്തു കൊണ്ട് ഷിന്‍ജിയാങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തങ്ങള്‍ വീക്ഷിക്കുന്നതായും, ദക്ഷിണ ചൈന കടലിനെ നമ്മള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഷീ ജിന്‍ പിങിനോട് പറയാത്തതെന്നും മനീഷ് തിവാരി ചോദിച്ചു. പാക് അധീന കശ്മീരിനെ കുറിച്ച് പറയുന്ന കേന്ദ്ര സര്‍ക്കാര്‍, ചൈന അധിനിവേശം നടത്തുന്ന അക്‌സായി ചിന്നിനെ കുറിച്ച് മിണ്ടാന്‍ ധൈര്യപ്പെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

ചൈനീസ് പ്രസിഡന്റുമായി പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനുമായുള്ള ബന്ധം ദൃഢമാണെന്നും നിര്‍ണായക വിഷയങ്ങളില്‍ പാകിസ്താന് നല്‍കുന്ന പിന്തുണ തുടര്‍ന്നും നല്‍കുമെന്നും ഷീ ജിന്‍ പിങ് ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ഷീ ജിന്‍ പിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യം ഏറെയാണ്.

chandrika: