ഗുരുദാസ്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗുരുദാസ്പൂരിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം. ഗുരുദാസ്പൂര്‍, ഖാദിയാന്‍, ദേര ബാബ നാനാക്, ദിനനഗര്‍, സുജന്‍പൂര്‍, ഫത്തേഗഡ് ചുരിയാന്‍, ബോഹ, ബതാല, പത്താന്‍കോട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. ബോളിവുഡ് താരം വിനോദ് ഖന്നയാണ് അന്ന് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രതാപ് സിങ് ബജ്‌വക്ക്, തന്റെ ഭാര്യ ചരഞ്ജിത് കൗര്‍ ബജ്വ എം.എല്‍.എ ആയിട്ടുള്ള ഖാദിയാന്‍ മണ്ഡലത്തില്‍പോലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഇവിടെ മാത്രം കോണ്‍ഗ്രസ് 21,000 വോട്ടിന്റെ ഭൂരിപക്ഷം നേടി.
മാത്രമല്ല, കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പിക്കായിരുന്നു ഗുരുദാസ്പൂരില്‍ വിജയം. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായിരുന്നെങ്കിലും 1998ല്‍ ബോളിവുഡ് താരം വിനോദ് ഖന്നയെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. 1999ലും 2004ലും 2014ലും ഖന്ന തന്നെ മണ്ഡലത്തില്‍ വിജയിച്ചു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്ന പ്രതാപ് സിങ് ബജ്‌വ പിന്നീട് സജീവമായതും കോണ്‍ഗ്രസ് ക്യാമ്പിന്റെ ഐക്യത്തോടെയുള്ള മുന്നേറ്റവും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള അമരീന്ദര്‍സിങ് സര്‍ക്കാറിന്റെ ജനപക്ഷ നയങ്ങളുമാണ് കോണ്‍ഗ്രസിന് കരുത്തായി മാറിയത്.
മറുഭാഗത്ത് കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും സഖ്യകക്ഷിയായ അകാലിദളിന്റെ നേതാവ് സുജാസിങ് ലങ്കയുടെ അശ്ലീല വീഡിയോ പുറത്തുവന്നതും ബി.ജെ.പിക്ക് തിരിച്ചടിയായി മാറി. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ ജനം അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്ന് ജാകര്‍ പറഞ്ഞു.