ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റു ചെയ്തു. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ രാഹുലടക്കം എം.പി മാരെ അറസ്റ്റു ചെയ്യുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇവരെ കിങ്‌സ്‌വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വര്‍ധന എന്നിവക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധം മുന്നില്‍കണ്ട് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ജനാധിപത്യം ഓര്‍മ മാത്രമായതായി രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്.
എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയതിനാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തത്. ബാരിക്കേഡ് നിരത്തി പ്രിയങ്ക അടക്കം നേതാക്കളെ പൊലീസ് തടഞ്ഞു.
ലോക്‌സഭാ, രാജ്യസഭാ എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. റോഡില്‍ പാചകം ചെയ്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധത്തിനെത്തിയത്.