ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നിലവിലുളള ചരക്ക് സേവന നികുതിയില്‍ തിരുത്താന്‍ കഴിയാത്ത വിധം പിഴവുകള്‍ ഉളളതായി ബാദല്‍ ആരോപിച്ചു. ലോകത്ത് ചരക്ക് സേവന നികുതി നന്നായി നടപ്പാക്കിയ രാജ്യങ്ങളിലെ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതേയില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിക്കുറക്കുന്നത് കേടു തീര്‍ക്കല്‍ മാത്രമാണെന്നും മന്‍പ്രീത് ബാദല്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ജി.എസ്.ടിയെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.