X

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസിലെ ആര്‍.എസ്.എസ് ശാഖകള്‍ നിരോധിക്കും: കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖകള്‍ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഇതില്‍ തെറ്റൊന്നും കാണുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടതും ജോലിചെയ്യേണ്ടതും സര്‍ക്കാരിന് വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല. ചിദംബരം പറഞ്ഞു. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ആര്‍എസ്എസ് ശാഖകള്‍ നിര്‍ത്തലാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് പ്രവര്‍ത്തിയ്ക്കാമെന്ന ശിവ്‌രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഇന്‍ഡോറില്‍ നടത്തിയ പ്രചാരണത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഹകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറെയാണ്. സംസ്ഥാനത്ത് വിജയിക്കുമെന്നതില്‍ സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തും വിശാല സഖ്യം രൂപീകരിക്കും. ഹിന്ദു രാഷ്ട്രം നിര്‍മിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകാധിപത്യ രീതിയിലാണ് ഭരണം നടത്തുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും സ്വഭാവവും ഇല്ലാതാക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ‘ഒരു ചരിത്രം, ഒരു ഭാഷ, ഒരു ജീവിത രീതി’ എന്ന രീതി നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിനും വൈവിധ്യത്തില്‍ ഊന്നിയുള്ള ഐക്യത്തിനും വിള്ളല്‍ വീഴ്ത്തുമെന്നും ചിദംബരം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് അരോപണത്തിന് മറുപടിയുമായി മധ്യപ്രദേശ് ബിജെപി രംഗത്തെത്തി. ശാഖകളില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ അവകാശത്തെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നതെന്നായിരുന്ന് ബിജെപി കുറ്റപ്പെടുത്തി.

chandrika: