റായ്പൂര്‍: ബി.ജെ.പിക്കെതിരെ ഗുരതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍ കൃഷ്ണ അദ്വാനി ബി.ജെ.പിയും സ്ഥാപിച്ച പാര്‍ട്ടിക്ക് അതിന്റെ ആശയങ്ങളും സാംസ്‌കാരവും നഷ്ടപ്പെട്ടതായി കരുണ ശുക്ല ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയും അടല്‍ ബിഹാരി വാജ്‌പേയിയും മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയും ചേര്‍ന്ന് നിര്‍മ്മിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ്അതിന്റെ ആശയങ്ങളും സാംസ്‌കാരവും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കരുണ ശുക്ല പറഞ്ഞു.
കഴിഞ്ഞ32 വര്‍ഷമായി ബിജെപിയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് താന്‍. ഈ കാര്യങ്ങള്‍ എല്ലാം ഇത്ര കാലം മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു ഞാന്‍. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ബിജെപി വിടാന്‍ തയ്യാറായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കരുണ ശുക്ലയെ ചത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി. രാജ്‌നന്ദ്ഗാവ് മണ്ഡലത്തിലാണ് കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.
രമണ്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായി തുടരുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്‌നന്ദ്ഗാവിലെ എംഎല്‍എയുമാണ് അദ്ദേഹം. പക്ഷെ അവിടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി രമണ്‍ സിംഗ് ഒന്നും ചെയ്തിട്ടില്ലെന്ന് കരുണ ശുക്ല കുറ്റപ്പെടുത്തി.
രാജ്‌നന്ദഗോണിലെ ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ ഇങ്ങോട്ട് അയച്ചതെന്നും വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സ്‌ക്രീനിങ് കമ്മറ്റിയാണ് കരുണാ ശുക്ലയുടെ പേര് ശുപാര്‍ശ ചെയ്തത്.
ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായിരുന്നു കരുണ ശുക്ല. വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ ബിജെപി കരുണ ശുക്ലയെ പതിയെ മാറ്റി നിര്‍ത്തി. തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ആറ് സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പട്ടികയില്‍ പന്ത്രണ്ടുപേരുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.