X
    Categories: Culture

ഗ്രാമങ്ങളിലേക്കും പടര്‍ന്ന് രാഹുല്‍ തരംഗം

കെ.എസ്.മുസ്തഫ
കല്‍പ്പറ്റ: ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചരിത്രഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് ചുവടുകള്‍ വെച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണം ശക്തമായി. നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് പടര്‍ന്ന രാഹുല്‍ തരംഗം വോട്ടാക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ യു.ഡ.എഫ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ആരംഭിച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലങ്ങളിലടക്കം ചൂട് പിടിച്ച്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ രാഹുലിന്റെ വരവോടെ ചിത്രത്തിലില്ലാതായ ഇടതു, എന്‍.ഡി.എ മുന്നണികളേക്കാള്‍ ഒരു പടി മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രവര്‍ത്തകരുടെ ആവേശം പതിന്മടക്കാക്കി സോണിയാ ഗാന്ധി, നവ്‌ജ്യോത് സിംഗ് സിദ്ദു, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ കൂടി മണ്ഡലത്തിലെത്തുന്നതോടെ ആവേശം ഉഛസ്ഥായിലെത്തും.

ഏപ്രില്‍ നാലിന് നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് രാഹുലും പ്രിയങ്കയും എത്തിയതോടെ ഉണര്‍ന്ന യു.ഡി.എഫ് ക്യാമ്പ് ദിവസം കഴിയുന്തോറും കൂടുതല്‍ സജീവമാകുകയാണ്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് കീഴില്‍ ബൂത്ത് തലങ്ങളിലടക്കം ആദ്യഘട്ടപ്രചരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനകം മൂന്ന് തവണ ജില്ലയിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിനേതാക്കള്‍ക്കൊപ്പം ഏഴ് നിയോജകമണ്ഡലങ്ങളിലും അവലോകനയോഗം ചേര്‍ന്ന് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവര്‍ത്തകരും നവോന്മേഷത്തിലാണ്. മുഴുവന്‍ മണ്ഡലങ്ങളിലേക്കും എ.ഐ.സി.സി, കെ.പി.സി.സി നിരീക്ഷകരെയും മീഡിയ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. മണ്ഡലത്തിലെ അമ്പത് പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് പ്രചരണഒരുക്കങ്ങളും വിലയിരുത്തി. വനിതാ പ്രവര്‍ത്തകരുടെ സജീവസാന്നിധ്യത്തിലാണ് ബൂത്തുതലത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികളില്‍ നടക്കുന്നത്. വീടുകള്‍ തോറും പ്രചരണവുമായി എത്തുന്ന പ്രവര്‍ത്തകര്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

യു.ഡി.എഫിനെ എക്കാലവും നെഞ്ചോട് ചേര്‍ത്ത മണ്ഡലത്തില്‍ തോല്‍വിയുടെ ഭാരം കുറക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്ഷേപമുന്നയിച്ചും വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയും സ്വയം അപഹാസ്യരാവുകയാണ് ഇടതു, എന്‍.ഡി.എ മുന്നണികള്‍. പ്രചരണ യോഗങ്ങളിലെ ജനങ്ങളുടെ അസാന്നിധ്യം നേതാക്കളുടെ സമനില തെറ്റിക്കുകയാണെന്ന് ഇവരുടെ പ്രസ്താവനകളിലൂടെ തന്നെ തെളിയുന്നുണ്ട്. പല ഇടതു നേതാക്കളുടെയും പ്രസംഗങ്ങള്‍ ബി.ജെ.പി നേതാക്കളുടേതിന് സമാനമാവുന്നത് അണികളുടെ പ്രതിഷേധത്തിന് കാരണമായിക്കഴിഞ്ഞു. ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തുണ്ടായിട്ടും റോഡ് ഷോയില്‍ പങ്കെടുക്കാത്തതിനെതിരെ വലിയ പ്രതിഷേധത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍.

വയനാട്് മണ്ഡലം പാക്കിസ്തിനാലാണോ എന്ന അമിത് ഷായുടെ വിവാദ പ്രസ്താവനയോടെ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ബാങ്ക് വിളി കേട്ട് വിളക്ക് കത്തിക്കുന്ന നാട്ടില്‍ മതം പറഞ്ഞ് സ്വാസ്ഥ്യം തകര്‍ക്കുന്നവരെ അംഗീകരിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചരിത്രത്തിലിത് വരെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടാവാത്ത നാട്ടില്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചറിയണമെന്ന ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ സീജവമാകുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് തുടരുന്ന അതിരൂക്ഷ വിമര്‍ശനങ്ങള്‍ എന്‍.ഡി.എയുടെ വോട്ട് ചോര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുമെന്നാണ് ബി.ഡി.ജെ. എസ് ഭയക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിനെയടക്കം അപമാനിക്കുന്നതാണ് അമിത്ഷായുടെ പ്രസ്താവനയെന്നാണ് ബി.ഡി.ജെ.എസിലെ നല്ലൊരു വിഭാഗവും കരുതുന്നത്.
എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇഴഞ്ഞുനീങ്ങുന്ന മണ്ഡലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. 2009ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം യു.ഡി.എഫിന് നല്‍കിയ മണ്ഡലം ഇത്തവണ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം തങ്ങളുടെ പ്രിയസ്ഥാനാര്‍ത്ഥിക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

chandrika: