ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനായിനായി പ്രത്യേകം തുടങ്ങിയ ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്.
‘രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു,’ രാഹുല്‍ വ്യക്തമാക്കി.
മതേതര പുരോഗമന സഖ്യത്തിന്റെ മുന്നണിപ്പോരാളിയായ രാഹുല്‍ ഗാന്ധി നാലേ കാല്‍ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്ന് ജയിച്ചത്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥി 431770 വോട്ടുകള്‍ക്ക് ജയിക്കുന്നത്. വയനാട് ലോക്‌സഭാമണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഏകപക്ഷീയ വിജയം സ്വന്തമാക്കിയാണ് രാഹുല്‍ ഈ ചരിത്രനേട്ടം നേടിയെടുത്തത്. മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് രാഹുല്‍ഗാന്ധി നേടിയത്. ഏഴ് നിയോജകമണ്ഡലങ്ങളില്‍ രാഹുലിന് 70465 വോട്ടിന്റെ ഏറ്റവുമധികം ഭൂരിപക്ഷം സമ്മാനിച്ചത് വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലമാണ്. കല്‍പ്പറ്റ-63754, വണ്ടൂര്‍-69555, നിലമ്പൂര്‍-61660, മാനന്തവാടി-54631, ഏറനാട്-56527, തിരുവമ്പാടി-54471 എന്നിങ്ങനെയാണ് നിയോജകമണ്ഡലം തലത്തില്‍ ലഭിച്ച ഭൂരിപക്ഷം. കേരളത്തിലെ ഭൂരിപക്ഷത്തിനൊപ്പം രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം നല്‍കിയ ചരിത്രവിജയത്തിന്റെ ആഹ്ലാദത്തിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. വയനാട് ലോക്‌സഭാ നിയോജകമണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് നേടിയത് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ മത്സരിക്കാനെത്തിയപ്പോള്‍ 20,870 ആയി ഭൂരിപക്ഷം കുറഞ്ഞിരുന്നു.