ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാകട സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സമ്പാദിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചാമരാജ് നഗറില്‍ കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരവ് മോദി, വിജയ് മല്യ എന്നിങ്ങനെ നീളുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളുടെ പണം കൊള്ളയടിച്ച് നാട് വിട്ടവര്‍. ഇവര്‍ കൊള്ളയടിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയായിരുന്നു. രാജ്യത്തെ എസ്ടി-എസ്ടി വിഭാഗങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന് തുല്യമായ സഹായം കര്‍ണാകട സര്‍ക്കാര്‍ ഒറ്റയ്ക്ക് നിര്‍വഹിച്ചതായി രാഹുല്‍ ചൂണ്ടിക്കാട്ടി. അഞ്ച് ലക്ഷം കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍, 61 ലക്ഷം കുട്ടികള്‍ക്ക് സൗജന്യ ബുക്കുകളും നല്‍കി. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായങ്ങള്‍ നല്‍കുന്നത്. കര്‍ഷകരെ അവഗണിക്കുകയും അവരെ തഴയുകയും ചെയ്യുന്നു. ‘കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളണമെന്ന് അപേക്ഷിക്കുകയാണ്. ഇക്കാര്യം ബോധ്യപ്പെട്ട് മറുപടി തരണം’. രാഹുല്‍ വിമര്‍ശന രൂപേണ പറഞ്ഞു.
ദക്ഷിണ കര്‍ണാടകയില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി.പ്രസിഡണ്ട് ഡോ.ജി.പരമേശ്വര, ഊര്‍ജ്ജ മന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരു കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രം,ശൃംഗേരി ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ദര്‍ശനം നടത്തിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയിലെ ക്ഷേത്രദര്‍ശനങ്ങള്‍ക്കായി അടുത്ത ദിവസം എത്തുന്നുണ്ട്.