ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുമ്പാകെയാണ് രാഹുല്‍പത്രിക സമര്‍പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയാഗാന്ധി എന്നിവര്‍ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ഉണ്ടായിരിക്കും. ഏ.കെ ആന്റണി ആസ്പത്രിയിലായതിനാല്‍ എത്തില്ലെന്നാണ് വിവരം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ലെന്നാണ് കരുതപ്പെടുന്നത്. നാളെ രാവിലെ 11-നാണ് സൂക്ഷ്പരിശോധന. ഈ മാസം പതിനൊന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. രാഹുല്‍ഗാന്ധി മാത്രമാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അന്നുതന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. എ.ഐ.സി.സി സമ്മേളനത്തിലായിരിക്കും രാഹുല്‍ഗാന്ധി ഔപചാരികമായി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുക.