രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ച് കൊണ്ടാണ് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജിവെച്ചത്തിനെ തുടര്‍ന്ന് പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള നാമ നിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 14 ഉം ശശി തരൂര്‍ എംപി 5 ഉം പത്രികകളാണ് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എംപി , ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ അധ്യക്ഷ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്റ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. ജി23യുടെ പിന്തുണയും ഖാര്‍ഗെയ്ക്ക് ഉണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രികയില്‍ ജി23 നേതാക്കള്‍ ഒന്നടങ്കം ഒപ്പുവെച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കിയിരുന്നു.