ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നല്‍കി. ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയുള്ള തെരഞ്ഞെടുപ്പിലൂടെ പുതിയ നായകനെ കണ്ടെത്തുക. രാജ്യത്തുടനീളം 1500 എഐസിസി പ്രതിനിധികളാണ് ഉള്ളത്. എല്ലാ സംസ്ഥാന യൂണിറ്റുകളില്‍ നിന്നും ഇവരുടെ ഫോട്ടോ വിവരങ്ങള്‍ ഹൈക്കമാന്‍ഡ് തേടിയിട്ടുണ്ട്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമാണ് നിലവില്‍ ഒരുങ്ങുന്നത്. എന്നാല്‍ ആരെങ്കിലും എതിരാളിയായി വന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എതിരാളി ഉണ്ടായാല്‍ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി അധ്യക്ഷ പദം രാജിവച്ചിരുന്നത്. പ്രസിഡണ്ട് പദം ഏറ്റെടുക്കാന്‍ രാഹുലിന് മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു എങ്കിലും അദ്ദേഹം വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് താല്‍ക്കാലികമായി അധ്യക്ഷ പദം സോണിയയ്ക്ക് കൈമാറിയിരുന്നത്. 2022ല്‍ പുതിയ പ്രസിഡണ്ട് അധികാരമേല്‍ക്കും എന്നാണ് വിവരം.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ട്ടിക്ക് മുഴുസമയ അധ്യക്ഷന്‍ വേണമെന്ന് മുതിര്‍ന്ന നേതാക്കളായ കപില്‍ സബല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.
സിബലിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്ത് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തിയിരുന്നു.