X

ബിജെപിയുടെ ആ മോഹം നടപ്പില്ല; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴില്ല- കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ വീഴില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രണ്ടു മൂന്നു മാസങ്ങള്‍ക്ക് അകം വീഴുമെന്ന ബിജെപിയുടെ പ്രസ്താവനയ്ക്ക് മറുപടി ആയാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

‘ചെറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു വരികയാണ്. അതു ഞങ്ങള്‍ ചെയ്തു വരുന്നതാണ്. ഒരുകാര്യം സുനിശ്ചിതമാണ്. ഈ സര്‍ക്കാര്‍ എവിടെയും പോകുന്നില്ല. വീഴാനോ തകരാനോ പോകുന്നില്ല’ – മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് വാദെത്തിവാര്‍ പറഞ്ഞു. നേരത്തെ, സര്‍ക്കാര്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് പരാതി പറഞ്ഞിരുന്നു.

സര്‍ക്കാറില്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്ന പരാതിയുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തോറത്, അശോക് ചവാന്‍, വര്‍ഷ ഗെയ്ക്‌വാദ്, നിതിന്‍ റാവുത്ത് തുടങ്ങിയവര്‍ സ്പീക്കര്‍ നാനാ പടോളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു മൂന്നു മാസത്തിന് അകം ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി റാവു സാഹെബ് ദന്‍വെ വ്യക്തമാക്കിയിരുന്നു. പര്‍ഭനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ല എന്ന് ബിജെപി പ്രവര്‍ത്തകര്‍ ചിന്തിക്കരുത്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ നാം സര്‍ക്കാര്‍ രൂപീകരിക്കും. കണക്കുകളില്‍ കളി തുടങ്ങിയിട്ടുണ്ട്. ലജിസ്ലേറ്റീവ് കൗണ്‍സിലിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മഹാരാഷ്ട്ര നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും ശിവസേന പിന്തുണ നല്‍കാത്തതു കൊണ്ട് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അധികാരത്തില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്കു വേണമെന്ന സേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തൊട്ടുപിന്നാലെ, 56 സീറ്റുള്ള സേനയും 54 സീറ്റുള്ള എന്‍സിപിയും 44 സീറ്റുള്ള കോണ്‍ഗ്രസും ചേര്‍ന്ന് സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. സേനാ നേതാവ് ഉദ്ധവ് താക്കറെയാണ് മുഖ്യമന്ത്രി. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയും.

Test User: