X
    Categories: indiaNews

കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും വലിച്ചെറിയും; പഞ്ചാബില്‍ ട്രാക്ടര്‍ റാലി നയിച്ച് രാഹുല്‍ ഗാന്ധി

അമൃത്സര്‍: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ട്രാക്ടര്‍ റാലി നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരുന്ന ദിവസം, ഞങ്ങള്‍ ഈ മൂന്ന് കറുത്ത നിയമങ്ങളും റദ്ദാക്കി അവ മാലിന്യകൊട്ടയില്‍ എറിയുമെന്ന് രാഹുല്‍ പ്രഖ്യാപ്പിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ മൊഗയില്‍ പാര്‍ട്ടിയുടെ ഖേതി ബച്ചാവോ യാത്ര ഉദാഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.

കര്‍ഷകര്‍ സന്തോഷവാന്മാരെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാല്‍ രാജ്യത്താക കര്‍ഷകര്‍ പ്രക്ഷോഭവുമായി റോഡിലിറങ്ങുന്നതാണ് നമ്മള്‍ കാണുന്നത്. കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണ്. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ‘ഖേതി ബച്ചാവോ യാത്ര’യുടെ ഭാഗമായാണ് രാഹുല്‍ പഞ്ചാബിലെത്തിയത്. കാര്‍ഷിക രംഗം സംരക്ഷിക്കുക എന്ന ആശയവുമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന റാലിക്കാണ് ഞായറാഴ്ച തുടക്കം കുറിച്ചത്. മോഗ മുതല്‍ പാട്യാല വരെ 50 കിമീ ദൂരം ട്രാക്ടര്‍ റാലിയാണ് സംഘടിപ്പിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനൊപ്പമാണ് രാഹുല്‍ കര്‍ഷകരെ കാണാനെത്തിയത്. പഞ്ചാബിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത്, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്‍ ജാഖര്‍ എന്നിവരും റാലിയിലുണ്ട്.

കാര്‍ഷിക യാത്രയുടെ ഭാഗമായി ഹരിയാനയിലെ കര്‍ഷകരെയും കാണുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര തടയുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്‍ വിജിയാണ് രാഹുലിനെ ഹരിയാനയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞത്.

chandrika: