ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ കോണ്‍ഗ്രസിന്റെ വെല്ലുവിളി. മന്‍മോഹന്‍ സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തെച്ചൊല്ലി തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനു പിന്നാലെയാണ് ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള കോണ്‍ഗ്രസിന്റെ വെല്ലുവിളി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.
പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ പ്രധാനമന്ത്രിക്ക് മടിയുണ്ടെങ്കില്‍, മന്‍മോഹന്‍ സിങിന് പാക്ക് ബന്ധമുണ്ടെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ജയിക്കാന്‍ മാത്രം ഉപയോഗിച്ച ആയുധമാണെന്ന് മോദി സമ്മതിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് ബഹുമാനം മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ വിവാദ പരാമര്‍ശം പാര്‍ലമെന്റിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്നാണ് അറിയേണ്ടത്. പരാമര്‍ശത്തെച്ചൊല്ലി മാപ്പ് പറയാന്‍ പ്രധാനമന്ത്രിക്ക് മടിയുണ്ടങ്കില്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറഞ്ഞതാണെന്ന് അംഗീകരിച്ച് പ്രസ്താവന പിന്‍വലിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക്ക് ബന്ധം ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച ഗുരുതരമായ വിവാദം പരാമര്‍ശം പ്രധാനമന്ത്രി നടത്തിയതിന് പാര്‍ലമെന്റിലല്ലെന്ന് ചൂണ്ടിക്കാട്ടി ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ സമ്മേളനം ഇന്നത്തേക്കു പിരിയുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണം പാര്‍ലമെന്റില്‍ ആവര്‍ത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ വെല്ലുവിളി.