X

തെലങ്കാന പിടിക്കാന്‍ ഡി.കെ ശിവകുമാറിനെ നിയോഗിച്ച് കോണ്‍ഗ്രസ്

ഹൈദരാബാദ്: കര്‍ണാടകയില്‍ നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെ തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. രാഷ്ട്രീയ ചാണക്യനായ ഡി.കെ.എസിനെ തെലങ്കാനയിലെ മഹാകുടമി (വിശാല സഖ്യം)ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് പാര്‍ട്ടി നേതൃത്വം നിയോഗിച്ചിരിക്കുന്നത്.

കര്‍ണാടക ജലസേചന, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയായ ഡി.കെ.എസ് കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഭരണകക്ഷിയായ കെ ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് മാത്രമായിരുന്നു സംസ്ഥാനത്ത് ചിത്രത്തിലുണ്ടായിരുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ-ടി.ജെ.എസ്-മുസ്്‌ലിം ലീഗ് സഖ്യം ഭരണകക്ഷിക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഡി.കെ ശിവകുമാറിന് പുറമെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, പുതുച്ചേരി മന്ത്രി മല്ലഡി കൃഷ്ണ റാവു എന്നിവരും ഹൈദരാബാദില്‍ ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന വിമതന്‍മാരെ പിന്തിരിപ്പിക്കാന്‍ ഡി.കെ.എസിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കര്‍ണാടകയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലെ മണ്ഡലങ്ങളിലാണ് ഡി.കെ.എസിന്റെ മുഖ്യമായ പ്രചാരണം.

പാര്‍ട്ടി നേതാക്കന്‍മാരായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നല്‍കിയ നിര്‍ദേശം താന്‍ പിന്തുടരുക മാത്രമാണ് ചെയ്തതെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനായി തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. വൊക്ക ലിംഗ വിഭാഗത്തില്‍ നിന്നുള്ള കര്‍ണാടകയിലെ അതിസമ്പന്നനായ മന്ത്രി നേരത്തെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തിലും കോണ്‍ഗ്രസിനെ രക്ഷിച്ച ചരിത്രമുള്ളയാളാണ്. 2002ല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭയെ രക്ഷിക്കുന്നതിനായി എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍പ്പിച്ചാണ് ഡി.കെ ശിവകുമാര്‍ രാഷ്ട്രീയ തന്ത്രജ്ഞനായി ഉയര്‍ന്നു വന്നത്.

chandrika: