മാനന്തവാടി: അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടിയുള്ളതാണ് യു.പി. എ.യുടെ പ്രകടനപത്രികയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടനപത്രിക തയ്യാറാക്കിയത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയ മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്ന ഈ പ്രകടന പത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
മതേതര സര്‍ക്കാരിന് വേണ്ടി ദേശീയ തലത്തില്‍ ഒന്നിക്കുമ്പോള്‍ അതില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാനാകില്ല. ദേശീയ തലത്തില്‍ താഴെയിറക്കേണ്ടത് മോദി സര്‍ക്കാരിനെയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക എതിര്‍കക്ഷികള്‍ ഉണ്ടാകാം. അതിനാല്‍ കേരളത്തില്‍ സി.പി.എമ്മിനോട് തന്നെയാണ് മത്സരം. വിശാല സഖ്യത്തില്‍ സി.പി. എമ്മും ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍ മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ സ്വീകരിച്ച നിലപാടിനെതുടര്‍ന്ന് ചുഴിയില്‍ കിടന്ന് കറങ്ങുകയാണ് സി.പി. എം.
കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ല. കേരളത്തിലെ വോട്ടര്‍മാര്‍ എല്ലാം അറിയുന്നവരാണ്. അവര്‍ക്കറിയാം ശബരിമലയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയം നിയമപരമായി പരിഹരിക്കും. ജനങ്ങളുമായുള്ള ഐക്യമാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റേത്. കഴിഞ്ഞ തവണ രണ്ട് ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. 2024-ലേക്കുള്ള പ്രാരംഭ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അമേഠിയും വയനാടും ജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയായിരിക്കും തീരുമാനമെടുക്കുക. ഒരു കാര്യം പറഞാല്‍ വിട്ടിട്ട് പോകുന്നയാളല്ല രാഹുല്‍. തനിക്കെതിരെ എന്തെല്ലാം പറഞാലും സി.പി. എമ്മിനെതിരെ ഒന്നും പറയില്ലന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണന്നും മുഖ്യശത്രു ബി.ജെ.പി. തന്നെയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ എ.ഐ. സി.സി. നിരീക്ഷകന്‍ ടി. ആര്‍. തങ്കബാലു, എ.ഐ.സി.സി. അംഗങ്ങളായ കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍, യു.ഡി. എഫ്. ചെയര്‍മാന്‍ പി.പി. എ. കരീം, കണ്‍വീനര്‍ എന്‍ .ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.