ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. കേവലം സംഖ്യകളുടെ കളിയല്ല അവിശ്വാസപ്രമേയമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാണിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
സംഖ്യയുടെ കളികളേക്കാള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങലില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്രത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടും. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏഴു മണിക്കൂര്‍ നീളുന്ന ചര്‍ച്ചയില്‍ ബി.ജെ.പിക്കാണ് ഏറ്റവും സമയം അനുവദിച്ചിട്ടുളളത്.
കോണ്‍ഗ്രസിന് വെറും 38 മിനിറ്റാണ് അനുവദിച്ചത്. ഇതില്‍ നിന്നു തന്നെ സര്‍ക്കാറിന്റെ കള്ളക്കളി വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസിനായി സംസാരിക്കുക.
കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങള്‍ ഇതിനോടകം അവിശ്വാസപ്രമേയം പാസാക്കി കഴിഞ്ഞെന്നും 132 കോടി ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. അതിനിടെ, വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന അറിയിച്ചു.