X

ഗുജറാത്ത്: പട്ടേല്‍ വിഭാഗത്തിന് ഇ.ബി.സി സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം അംഗീകരിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളില്‍ (ഇ.ബി.സി) ഉള്‍പ്പെടുത്തി പട്ടിദാറുകള്‍ക്ക് സംവരണം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി) ഉള്‍പ്പെടുത്തണമെന്നായിരുന്നു പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ ആവശ്യം. ഇ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടാല്‍ പട്ടേല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 20 ശതമാനം സംവരണം ലഭ്യമാകുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി അറിയിച്ചു. ഇ.ബി.സി സംവരണമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ പിന്തുണ കോണ്‍ഗ്രസിന് അനുകൂലമാക്കുമെന്നാണ് കരുതുന്നത്. ഹര്‍ദ്ദികിനെ വിശാല സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സംവരണവുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിശാല സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹര്‍ദ്ദികിന്റെ മുന്നറിയിപ്പ്.

നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ റാലിക്കുണ്ടായ വിധി തന്നെയാകും രാഹുലിനുമെന്നായിരുന്നു ഹര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് പട്ടിദാര്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുമെന്ന് ഹര്‍ദ്ദിക് പട്ടേലിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന ദളിത് നേതാവ് അല്‍പേഷ് താക്കൂര്‍ പട്ടേല്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നതിന് എതിരായിരുന്നു. രണ്ട് അഭിപ്രായങ്ങളേയും തൃപ്തിപെടുത്തുന്ന തീരുമാനമാണ് കോണ്‍ഗ്രസിന്റേത് എന്നാണ് സൂചന. ബിജെപിയോട് ഇടഞ്ഞിരിക്കുന്ന ഹര്‍ദ്ദികിനെ ഏതുവിധേനെയും തങ്ങളോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഹര്‍ദ്ദികിനെതിരെ ചുമത്തിയിരുന്ന രാജ്യദ്രോഹ കുറ്റം പിന്‍വലിച്ച് തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും ഹര്‍ദ്ദിക് വഴങ്ങിയിരുന്നില്ല. സംസ്ഥാനത്ത് 12 ശതമാനത്തോളം വരുന്ന പട്ടീദാര്‍ സമുദായം പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന വോട്ടു ബാങ്കാണ്. വിദ്യാഭ്യാസം, ജോലി എന്നിവയില്‍ 27 ശതമാനം സംവരണമാണ് ഗുജറാത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. എസ്.സി വിഭാഗത്തിന് ഏഴ് ശതമാനവും എസ്.ടി വിഭാഗത്തിന് 15 ശതമാനവും സംവരണമുണ്ട്. പട്ടിദാറുകള്‍ക്ക് 20 ശതമാനം ഇ.ബി.സി സംവരണം ഉറപ്പു വരുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നിയമസഭയില്‍ നിയമം പാസാക്കുമെന്ന് സോളങ്കി വ്യക്തമാക്കി.

chandrika: