ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന് സുര്‍ജെവാല ചാനല്‍ മേധാവികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
‘ഒരുമാസത്തേക്ക് പാര്‍ട്ടി വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. കോണ്‍ഗ്രസ് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കേരളത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രാജിക്കാര്യത്തില്‍ തീരുമാനവുമാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.