കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി അടുത്ത ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെ ട്വിറ്ററിലൂടെയാണ് അമരീന്ദറിന്റെ പ്രസ്താവന.
നിര്‍ഭാഗ്യകരമായിപോയ രാഹുല്‍ ഗാന്ധിയുടെ രാജി ശേഷം അതേ സ്ഥാനത്തേക്ക് ഊര്‍ജ്ജസ്വലനായ മറ്റൊരു യുവനേതാവിനെ പ്രതീക്ഷിക്കുന്നത്. യുവനേതാവിന് മാത്രമേ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യം ഒരു യുവ നേതാവിനെ തേടുന്ന സമയമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അടിസ്ഥാന തലത്തില്‍ ഉണര്‍ത്തിയെക്കാന്‍ അത്തരം ഒരാള്‍ക്കെ സാധിക്കുമെന്നും, ട്വീറ്റില്‍ പഞ്ചാബ് മുഖ്യമന്ത്രി ദേശീയ പ്രവര്‍ത്തക സമിതിയെ സൂചിപ്പിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന വാദം നിലനില്‍ക്കെയാണ് യുവ നേതാക്കളെ ചൂണ്ടിയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കരുത്തനുംകൂടിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പ്രസ്താവന.