ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും വീണ്ടും സഖ്യമുണ്ടാക്കുന്നതിന് തീരുമാനം. ഇന്നലെ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ നടന്ന യോഗത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായത്. 2019-ലെ തെരഞ്ഞെടുപ്പിനൊപ്പമാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.
മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍ എന്നിവര്‍ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേപാട്ടീലിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഇരുപാര്‍ട്ടികളും പറഞ്ഞു.
2014-ല്‍ ആണ് എന്‍.സി.പിയും കോണ്‍ഗ്രസും വഴി പിരിഞ്ഞത്. പിന്നീട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച എന്‍.സി.പി ബി.ജെ.പിയോട് കൂടുതലായി സഹകരിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷത്തെ കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാരാഷ്ട്ര ഭരിച്ച എന്‍.സി.പി ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന എന്‍.സി.പിയുടെ പ്രഖ്യാപനം ദേശീയതലത്തിലെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരുന്നതിനും കാരണമാകും. അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടിലായതും കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യവും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.
എന്‍.സി.പി കേരളത്തില്‍ ഇടതുപക്ഷത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വെവ്വേറെ മത്സരിച്ച് ഫലം വന്നപ്പോള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 42 ഉം എന്‍.സി.പിക്ക് 41 ഉം സീറ്റുകളാണ് നിയമസഭയിലേക്ക് ലഭിച്ചത്. മറുവശത്ത് ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിക്ക് 122 ഉം ശിവസേനയ്ക്ക് 63 ഉം സീറ്റ് ലഭിച്ചിരുന്നു. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്.