ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിമാരായ പ്രതാപ് സിങ് ബാജ്‌വ, അമീ ഹര്‍ഷാദ്രെ യാജ്‌നിക് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭരണഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമായാണ് നോട്ടീസ് തള്ളിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരായ കേസുകള്‍ അവര്‍ക്ക് അനുകൂലമായി വിധി വരുന്ന വിധത്തില്‍ പ്രത്യേക ബെഞ്ചുകളിലേക്ക് മാറ്റുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നത്. ഭരഘടനാ സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമായിട്ട് പോലും ചര്‍ച്ചപോലും ഇല്ലാതെയാണ് നോട്ടീസ് തള്ളിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. 50 എം.പിമാര്‍ ഒപ്പിട്ടാല്‍ നോട്ടീസ് പരിഗണിക്കണമെന്നാണ് നിയമം. എന്നാല്‍ ഉപരാഷ്ട്രപതി യാതൊരു ചര്‍ച്ചയുമില്ലാതെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.