ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന നിലപാട് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.
നിയന്ത്രണമേഖയിലുടനീളം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സ്ഥിതിയും സംബന്ധിച്ച് രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ചവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.
നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ തിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ലോക്സഭയിലെ പ്രസ്താവനയോടെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമായതായും രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം, ‘കോവിഡ് -19’ ഉം കുടിയേറ്റ തൊഴിലാളികളില്‍ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ച് ശൂന്യവേളയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി എംപി മനോജ് ധാ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെഎന്‍പിടി) തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും എതിരെ ശിവസേന എംപി സഞ്ജയ് റാവത്തും രാജ്യസഭയില്‍ സീറോ അവര്‍ നോട്ടീസ് നല്‍കി.
ഇന്നലെ, ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ച നടപടി ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശനം ഉന്നയിച്ചു. നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.