ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി കൊണ്‍ഗ്രസ് ഒപ്പുശേഖരണം തുടങ്ങിയതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് തുടങ്ങിയവര്‍ പ്രമേയത്തില്‍ ഒപ്പിട്ടതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളും ഇംപീച്ച്‌മെന്റിനെ പിന്തുണക്കുന്നതായാണ് വിവരം.
ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ കുറഞ്ഞത് 50 അംഗങ്ങള്‍ ഒപ്പിട്ടിരിക്കണമെന്നതാണ് നിയമം. പിന്തുണ ഉറപ്പാക്കി നടപ്പ് സമ്മേളനത്തില്‍ തന്നെ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സുപ്രീംകോടതി കൊളീജിയത്തിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചിട്ട് രണ്ട് മാസമായി. ഇതുവരെ അതിന് പരിഹാരം കാണാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പ്രതിപക്ഷം തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.