X
    Categories: indiaNews

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ഥി; പ്രതിപക്ഷ ഐക്യനീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ഐക്യനീക്കവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തില്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ നേതൃയോഗം തീരുമാനിച്ചു. സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശ നാരായണ്‍ സിങിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. വാര്‍ഷകാല പാര്‍ലമെന്റില്‍ ചേരുന്നതിനിടെ സെപ്റ്റംബര്‍ 14നാവും തെരഞ്ഞെടുപ്പ് നടക്കുക.
ഹരിവംശ് ബിഹാറില്‍നിന്നുള്ള രാജ്യസഭാ എംപിയായി വീണ്ടും സഭയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹമാവും എന്‍ഡിഎ സ്ഥാനാര്‍ഥി എന്നാണ് സൂചന. ഇതിനെതിരെയാണ് പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ഐക്യനീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ  പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രതിക്ഷത്തെ 22 പാര്‍ട്ടികളുമായി വെര്‍ച്വല്‍ യോഗം ചേരാനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയിലെ മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥ അവസ്ഥക്കെതിരെ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ വിഷയമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം തുടങ്ങിയവയും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നത് മുതല്‍ ജിഡിപി ഇടിവ് വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് എല്ലാ പ്രാദേശിക പാര്‍ട്ടികളും ആവശ്യമായി ഉയര്‍ത്തികൊണ്ടുവരാനും പദ്ധതിയുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജിഎസ്ടി കുടിശ്ശിക, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു യോഗം. പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ ഉണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സമീപമനത്തിനെതിരേയും പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ശൂന്യവേളയുടെ സമയം കുറയ്ക്കുന്നതിനെതിരെ, സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങളറിയാനുമുള്ളത് ജനപ്രതിനിധികളുടെ അവകാശമാണെന്ന് ഇതരപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം മേയ് 22 നാണ് പ്രതിപക്ഷ കക്ഷികള്‍ അവസാനമായി യോഗം ചേര്‍ന്നത്.

ഈ മാസം 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണു സഭ സമ്മേളിക്കുന്നത്. രാവിലെ 9 മുതല്‍ 1 വരെയും ഉച്ചയ്ക്കു 3 മുതല്‍ 7 വരെയുമാണു സമയം. 14ന് ലോക്‌സഭ രാവിലത്തെ സെഷനില്‍ നടക്കും. വൈകിട്ട് രാജ്യസഭയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഇരുസഭകള്‍ക്കും 18 സിറ്റിങ്ങുകളുണ്ടാകും.

കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സഭാ നടപടികള്‍. പങ്കെടുക്കുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളില്‍ പോളികാര്‍ബണേറ്റ് പാളികളുപയോഗിച്ച് കണ്‍സോളുകള്‍ സ്ഥാപിക്കും. വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഉണ്ടാകും

 

chandrika: