X

ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ബിഹാറിനു പിന്നാലെ ഗോവയിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്-ആര്‍.ജെ.ഡി എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു. ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്‍കി.

ഗോവയിലെ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കത്തു നല്‍കുകയായിരുന്നു. 2017ല്‍ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി ബി.ജെ.പി സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ബി.ജെ.പിയെ ക്ഷണിച്ചതിനു പിന്നാലെയാണ് ബിഹാര്‍, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്.

ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ കേവല ഭൂരിപക്ഷമുണ്ടെന്ന് ആര്‍.ജെ.ഡിയും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തേജസ്വിയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കത്ത് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഐഎംഎല്ലിന്റെയും പിന്തുണയുണ്ടെന്നും ആര്‍.ജെ.ഡി നേതാക്കള്‍ വ്യക്തമാക്കി.

chandrika: