X

തനിച്ചു മത്സരിച്ചിട്ടും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് നേട്ടം

മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് നേരിയ മുന്‍തൂക്കം. ഇതേവരെ ഫലം പ്രഖ്യാപിച്ച 3510 സീറ്റുകളില്‍ ബിജെപി 851 സീറ്റുകളില്‍ വിജയം നേടി. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും തനിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയിലെ അനൈക്യം മുതലെടുക്കാന്‍ ബി.ജെ.പി സഖ്യത്തിന് കഴിഞ്ഞതുമില്ല.

643 ഇടങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 638 ഇടങ്ങളില്‍ ജയിച്ച എന്‍സിപിയാണ് മൂന്നാമത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനക്ക് ജയിക്കാനായത് 514 സീറ്റുകളിലാണ്. രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് ജയിക്കാനായത് 16 സീറ്റുകളില്‍ മാത്രമാണ്. 12 സീറ്റുകള്‍ സിപിഎം നേടി. ബിഎസ്പി  9 സീറ്റുകളിലും സ്വതന്ത്രരടക്കം മറ്റുള്ളവര്‍ 708 സീറ്റുകളും നേടി.

അതേസമയം സഖ്യമായി മത്സരിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48ല്‍ 41 സീറ്റു നേടിയ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താന്‍ ബിജെപി ശിവസേന സഖ്യത്തിനായില്ല. നിയമസഭയില്‍ ഈ സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്.

chandrika: