ബെല്ലാരി: ബെല്ലാരി സിറ്റി കോര്‍പ്പറേഷന്റെ (ബിസിസി) പുതിയ മേയറായി 23കാരിയെ തിരഞ്ഞെടുത്തു. 23കാരിയായ ഡി ത്രിവേണിയെയാണ് മേയറാക്കിയത്. കര്‍ണാടകയില്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ത്രിവേണി. ബെല്ലാരിയിലെ നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച ത്രിവേണി, ബി.ജെ.പി സ്ഥാനാര്‍ഥിയെ 28 വോട്ടിന് പരാജയപ്പെടുത്തിയാണ് മേയര്‍ സ്ഥാനത്തെത്തിയത്.
ബി.ജെ.പിക്കു വേണ്ടി നാഗരത്‌നയാണ് മത്സരിച്ചത്. അഞ്ച് സ്വതന്ത്ര അംഗങ്ങള്‍ കോ ണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ത്രിവേണിയെ പിന്തുണച്ചു. ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസിലെ ബി ജാനകി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബെല്ലാരി കോര്‍പ്പറേഷനിലെ ആകെയുള്ള 39 വാര്‍ഡുകളില്‍ 26 എണ്ണത്തില്‍ കോ ണ്‍ഗ്രസും 13 എണ്ണത്തില്‍ ബി.ജെ.പിയുമാണ് വിജയിച്ചത്. ത്രിവേണിയുടെ അമ്മ സുശീലഭായി 2019-20 സമയത്ത് ബെല്ലാരി മേയറായിരുന്നു. 21-ാം വയസില്‍ ത്രിവേണി കൗണ്‍സിലറായിരുന്നു. പാരാമെഡിക്കല്‍ ബിരുദധാരിയാണ് ത്രിവേണി. അമ്മയാണ് രാഷ്ട്രീയത്തില്‍ വരാന്‍ പ്രചോദനമായതെന്നും താന്‍ വളര്‍ന്ന നഗരത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.