X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നഷ്ടപ്പെട്ട വോട്ടു ബാങ്കുകള്‍ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

മുംബൈ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതുള്‍പ്പെടെ യു.പി.എ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ചെയ്ത സേവനങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താനും ഇതോടൊപ്പം മോദി സര്‍ക്കാറിന്റെ അവഗണന ചൂണ്ടിക്കാണിക്കുന്നതിനുമായി പാര്‍ട്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്.

എസ്.സി, എസ്.ടി വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി എസ്.സി,എസ്.ടി നിയമത്തില്‍ വെള്ളം ചേര്‍ത്തതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് ദളിതുകള്‍ സംഘടിപ്പിക്കുന്ന മഹാറാലിക്ക് പിന്തുണ നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം തെലുങ്കാനയിലെ വാറങ്കലില്‍ ദളിത്, ആദിവാസി വിഭാഗം നടത്തിയ റാലിയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മീര കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

സമാന രീതിയിലുള്ള റാലി ജൂലൈയില്‍ ന്യൂഡല്‍ഹിയില്‍ നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) അര്‍ഹമായ പ്രാധിനിത്യം നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയത് ഒ.ബി.സി വോട്ടുകള്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിലെ കമ്മിറ്റികളില്‍ ഒ. ബി. സി വിഭാഗക്കാര്‍ക്ക് പ്രാധിനിത്യം നല്‍കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയതായി എ. ഐ. സി. സി സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.

എ.ഐ.സി.സിയുടെ ഒ. ബി. സി വിഭാഗം ചെയര്‍മാനായി താമ്രധ്വാജ് സാധുവിനെ രാഹുല്‍ ഈയിടെ നിയമിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകളില്‍ ഒ.ബി.സി പ്രാധിനിത്യം ഉറപ്പിക്കുകയാണ് സാധുവിന്റെ ചുമതല. പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 84 മണ്ഡലങ്ങളില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാനായി കോണ്‍ഗ്രസ് നയപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

chandrika: