X

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കും. ഇതു സംബന്ധിച്ച ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചു. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രജ്ഞന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബറില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകുന്നതില്‍ സിപിഎം നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും കൂടി നേടിയത് 76 സീറ്റാണ്. മുപ്പത്തിയെട്ട് ശതമാനം വോട്ടു വിഹിതവും നേടി. ഇടതിന് 26 ശതമാനം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനവും വോട്ടുകിട്ടി. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകളാണു നേടിയത്. 148 സീറ്റില്‍ മത്സരിച്ച സിപിഎം ജയിച്ചത് 26 സീറ്റിലും. സിപിഐ മത്സരിച്ച 11ല്‍ ഒരു സീറ്റിലും ജയിച്ചു. 291 സീറ്റില്‍ മത്സരിച്ച ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. ആര്‍എസ്പി 3 സീറ്റു നേടി. 211 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഔദ്യോഗിമായി ധാരണയിലെത്താന്‍ ഇരുകക്ഷികള്‍ക്കും ആയിരുന്നില്ല. ലോക്‌സഭയില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല. 39 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് ജയിച്ചത്. 38 ഇടങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായി. 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചിരുന്നു. ഭരണകക്ഷിയായ തൃണമൂലിന് 22 സീറ്റാണ് കിട്ടിയിരുന്നത്.

 

Test User: