X
    Categories: indiaNews

ജിഡിപി മരിച്ചു; അനുശോചന യോഗം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

ആഗ്ര: രാജ്യത്തെ ജിഡിപി തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് വ്യത്യസ്ത പ്രതിഷേധവുമായി ആഗ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്തെ മരിച്ച ജിഡിപിക്ക് വേണ്ടി അനുശോചന യോഗം നടത്തിയതായി ആഗ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാം ടണ്ടന്‍ പറഞ്ഞു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അനുശോചനം അര്‍പ്പിക്കുന്നത് പോലെയാണ് ജിഡിപിയുടെ തകര്‍ച്ചയില്‍ അനുശോചനയോഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ തെറ്റായ നയം കാരണമാണിതെന്നും ടണ്ടന്‍ പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിഡിപിയുടെ പോസ്റ്ററിന് മുന്നില്‍ അനുശോചനം അറിയിക്കുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. രണ്ട് മിനിറ്റ് നേരം നിശ്ശബ്ദ പ്രാര്‍ത്ഥനയും നടത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജിഡിപി നിരക്ക് കുറയുന്നുണ്ടായിരുന്നെങ്കിലും മോദി സര്‍ക്കാര്‍ അത് ശ്രദ്ധിച്ചില്ല. 2016-2017 കാലഘട്ടത്തില്‍ വളരെ ആരോഗ്യകരമായ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ജിഡിപിയെ ആരോ ‘കൊന്നുകളഞ്ഞതാ’യിട്ടാണ് അനുഭവപ്പെടുന്നതെന്നും ടണ്ടന്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: