ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. ആര്‍.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റിയോഗം നിര്‍ദ്ദേശിക്കുകയായിരുന്നു.
രാഹുല്‍ഗാന്ധി ചടങ്ങില്‍ പങ്കെടുത്താല്‍ അത് തിരിച്ചടിയാവും.ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് രാഹുല്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്താല്‍ പ്രതിച്ഛായക്കും ആദരവിനും മങ്ങലേല്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
‘ഭാവിയിലെ ഇന്ത്യ’ എന്ന പരിപാടിയിലേക്കാണ് രാഹുലിനെ ക്ഷണിക്കാനിരിക്കുന്നത്. സെപ്തംബര്‍ 17 മുതല്‍ 19 വരെ ഡല്‍ഹിയിലാണ് പരിപാടി. സി.പി.എം നേതാവ് സീതാറം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുമെന്ന് ആര്‍.എസ്.എസ് വക്താവ് അറിയിച്ചിരുന്നു. നേരത്തെ, നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയേയും ക്ഷണിക്കാനിരിക്കുന്നത്.