ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഫാസിസ്റ്റ് മനോഭാവത്തിന് ജനാധിപത്യ മര്യാദയിലൂടെ മറുപടി നല്‍കിയ രാഹുല്‍ ഗാന്ധിയുടെ നിലപാട് ചര്‍ച്ചയാകുന്നു. എതിരാളികളെ പുച്ഛിച്ചും അവഗണിച്ചും വെറുപ്പിന്റെ തത്വശാസ്ത്രം പരത്തുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ മര്യാദയുടെ പുതിയ പാഠം പകര്‍ന്നു രാഹുലിന്റെ കോണ്‍ഗ്രസ്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയാണ് രാഹുല്‍ താരമായത്. മുന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പിച്ച രാഹുല്‍ അവരെ വെറും കാഴ്ച്ചക്കാരായി നിര്‍ത്താതെ വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കി. പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കെ ആറാമത്തെ വരിയിലെ കാഴ്ചക്കാരനായി റിപ്പബ്ലിക്ദിന പരേഡില്‍ തന്നെ ഒതുക്കിയ കേന്ദ്രസര്‍ക്കാരിനോടും ബി.ജെ.പിയോടും രാഹുലിന്റെ മികച്ച പ്രതികരണം കൂടിയായി ഇത്.
ബി ജെ പിയില്‍നിന്ന് തങ്ങള്‍ നേരിട്ട പരിഹാസം അതേ നാണയത്തില്‍ തിരിച്ച് നല്‍കാതെ പുതിയ പാഠം പകര്‍ന്ന് നല്‍കുകയും ഒപ്പം കോണ്‍ഗ്രസിന് ഇനിയും ബാല്യമുണ്ടെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിക്കുകയുമാണ് രാഹുലിന്‍റെ നേതൃത്വം.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ഒരുമിച്ചാണ് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ്‌സിങ് ചൗഹാനെ അഭിസംബോധന ചെയ്യാനെത്തിയത്. ചടങ്ങു തുടങ്ങുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിനു കൈകൊടുത്തു സ്വീകരിച്ചു. മുഖ്യമന്ത്രി കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം കൈ ചേര്‍ത്തുപിടിച്ചു പൊക്കി ഫോട്ടോക്കും പോസ് ചെയ്താണ് ചൗഹാന്‍ മടങ്ങിയത്.
അണികള്‍ നിറഞ്ഞ കയ്യടിയും നല്‍കി. ഛത്തീസ്ഗഡിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി രമണ്‍ സിങ്ങിനു കൈകൊടുത്താണ് രാഹുല്‍ സംസാരിച്ചത്. മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി രമണ്‍ സിങ്ങിനെ വേദിയില്‍ വെച്ച് നിയുക്ത മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ബാഗെല്‍ ആശ്ലേഷിക്കുക കൂടി ചെയ്തു. വിജയത്തിനുചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. തങ്ങളുടെ പല നല്ല പദ്ധതികളും അവര്‍ ഉപേക്ഷിച്ചെങ്കിലും ബിജെപി തുടങ്ങിവെച്ച ഗുണപരമായ പദ്ധതികള്‍ തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതും പ്രതിപക്ഷ ബഹുമാനത്തിന്റെ ഉത്തമ മാതൃകയായി.
രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജയെ ചുംബിക്കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ചിത്രങ്ങളും ചര്‍ച്ചയായി. രാഹുല്‍, വസുന്ധര രാജെയെയും അവര്‍ അശോക് ഗലോട്ടിനെയും അഭിസംബോധന ചെയ്തത് മോദി-അമിത്ഷാ കൂട്ടുകെട്ട് ഇതുവരെ പിന്തുടര്‍ന്ന പ്രതിപക്ഷ ഇകഴ്ത്തലുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ബി ജെ പി തുടങ്ങിവച്ച നല്ല പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗലോട്ട് പറഞ്ഞത്.
പ്രതിപക്ഷമായ കോണ്‍ഗ്രസിനെ രാജ്യത്തിനകത്തും പുറത്തും പരിഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ബി ജെ പിയ്ക്ക് ഇത് പുതിയ പാഠമാകും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ബി ജെ പി, തങ്ങള്‍ക്ക് നല്‍കാത്ത ബഹുമാനമാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തിരിച്ച് നല്‍കുന്നത്.