X

‘ഇതാണോ ജനാധിപത്യം? എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാതിരിക്കാന്‍ ഡി.ജി.സി.എ വിമാനം റദ്ദാക്കി’; കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്ത് ഗുലാം നബി ആസാദ്

ബംഗളൂരു: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് ഗുലാം നബി ആസാദ് രംഗത്തുവന്നത്. എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാതിരിക്കാന്‍ ഡി.ജി.സി.എ വിമാനം റദ്ദാക്കിയതായി ഗുലാം നബി ആസാദ് പറഞ്ഞു.

എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ബി.ജെ.പി ഇടപ്പെട്ട് ഡി.ജി.സി.എയെ കൊണ്ട് വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. അതിനാല്‍ എം.എല്‍.എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലേക്ക് എത്തിക്കുകയായിരുന്നു. ഇതാണോ ഇന്ത്യയിലെ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയില്‍ ഇപ്പോള്‍ ആര്‍ക്കും വിശ്വാസമില്ലാതായിരിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ മാത്രമാണ് ഇനി വിശ്വാസമുള്ളതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനം റദ്ദാക്കിയതിനാല്‍ റോഡുമാര്‍ഗം കേരളത്തിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഹൈദരാബാദിലേക്ക് മാറ്റേണ്ടി വന്നത്, അദ്ദേഹം പറഞ്ഞു.

chandrika: