അയോധ്യ തർക്കപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
സാമ്പത്തിക ബാധ്യതകളില്ലാതെ സാധാരണ പൗരന്മാർക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം പോലുള്ള മറ്റ് ആശങ്കകൾ പരിഹരിക്കാനോ ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നും അവർക്ക് വേണ്ടി ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
അയോധ്യ-ബാബറി മസ്ജിദ് തർക്കപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തി നൽകിയെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ ഗ്രാമവാസികളോട് പറഞ്ഞു. ഖേഡ് താലൂക്കിലെ തൻ്റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാൽ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല എന്നതാണ് വസ്തുത.
1822 മുതൽ നിലനിൽക്കുന്ന രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം അവസാനിച്ചത് 2019 നവംബർ 9ന് 2.77 ഏക്കർ രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്. 1992ൽ തകർത്ത ബാബറി മസ്ജിദിന് പകരം മറ്റൊരു മസ്ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം പകരം നൽകാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടു.