പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആശുപത്രിക്കിടക്കയില്‍ അമ്മ മരിച്ചു. അമ്മയ്ക്ക് ആശുപത്രിയിലേക്കു ഭക്ഷണം കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോഴാണ് ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിനീഷ് കുമാറിനെ വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
20നു നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നതിന്റെ പേരിലാണു ലിനീഷിനെ കണ്ടാലറിയാവുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വീടുവളഞ്ഞ് പൊലീസ് പിടികൂടിയത്. 2 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്ക് ഇതറിഞ്ഞതോടെ അസ്വസ്ഥതയേറി. ഇന്നലെ 12 മണിയോടെ മരിക്കുകയും ചെയ്തു.
കുന്നത്തറ ചെങ്കുനിമ്മല്‍ കല്യാണി അമ്മ (82) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മയ്ക്ക് പതിവായി മരുന്നും ഭക്ഷണവും നല്‍കിയിരുന്നത് ലിനീഷ് ആണ്. അക്കാര്യം പൊലീസിനോടു പറയുകയും ചെയ്തിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ലിനീഷ് വീട്ടിലെത്തി കര്‍മങ്ങളില്‍ പങ്കെടുത്തു.