ന്യൂഡല്‍ഹി: സാമ്പ്രദായിക രീതികള്‍ മോദിക്കെതിരെയും അമിത്ഷായ്‌ക്കെതിരെയും വിലപ്പോവില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് പ്രസക്തമാവാന്‍ നേതാക്കള്‍ അല്‍പം കൂടി സ്വയം പരുവപ്പെടണമെന്നും ജയറാം രമേശ്. കോണ്‍ഗ്രസ്സിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാണെന്നും നരേന്ദ്രമോദിയും അമിത്ഷായും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുതിര്‍ന്ന കേണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം രമേശ് സ്വന്തം പാര്‍ട്ടിയില്‍ നടത്തേണ്ട സമൂല മാറ്റങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
‘1996നും 2004നും ഇടയില്‍ ഭരണം നഷ്ടപെട്ട പാര്‍ട്ടി, തിരഞ്ഞെടുപ്പ് പ്രതിസന്ധിയാണ് നേരിട്ടിരുന്നതെങ്കില്‍ ഇന്ന് നേരിടുന്നത് നിലനില്‍പിന് വേണ്ടിയുള്ള പ്രതിസന്ധിയാണ്. തീര്‍ച്ചയായും പാര്‍ട്ടി അതിരൂക്ഷ പ്രതിസന്ധിയിലാണ്’, ജയറാം രമേശ് പറയുന്നു.
‘മോദിയോടും അമിത്ഷായോടുമാണ് തങ്ങള്‍ എതിരിടേണ്ടതെന്നാണ് പാര്‍ട്ടി ആദ്യം തിരിച്ചറിയേണ്ടത് . അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായാണ്. തങ്ങളുടെ സമീപനത്തിന് മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തീര്‍ച്ചയായും ഈ പാര്‍ട്ടി തന്നെ അപ്രസക്തമാവും എന്ന് എനിക്ക് തുറന്നു പറയാതെ വയ്യ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ബിജെപിയിലേക്ക് കൂടുമാറാതിരിക്കാന്‍ 44 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയ നടപടിയെ ജറാം രമേശ് ന്യായീകരിച്ചു. മാത്രമല്ല ബിജെപിക്കും മുന്‍കാലത്ത് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘പഴയ മുദ്രാവാക്യങ്ങള്‍ ഇനി വിലപ്പോവില്ല. പഴയ സൂത്രവാക്യങ്ങളും മന്ത്രങ്ങളും ഇനി ഫലം കാണില്ല. ഇന്ത്യ മാറിയിരിക്കുന്നു. അതിനനുസരിച്ച് കോണ്‍ഗ്രസ്സും മാറേണ്ടതുണ്ട്’.രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു